കുവൈറ്റ് സിറ്റി: മിഡിൽ ഈസ്റ്റിലെ റീട്ടെയിൽ രംഗം സാധാരണ നിലയിലേക്ക് ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനയായി ലുലു ഗ്രൂപ്പ് ഗൾഫ് വ്യാപകമായി "വേൾഡ് ഫുഡ് ഫെസ്റ്റിവൽ' ഔദ്യോഗികമായി ആരംഭിച്ചു.
ഉപഭോക്തൃ ഇടപെടൽ, ബിസിനസ് ആത്മവിശ്വാസം, മേഖലയിലെ സാമ്പത്തിക ഉണർവ് എന്നിവയുടെ പുതിയ ഘട്ടത്തിനാണ് ഇത് തുടക്കം കുറിക്കുന്നത്. കുവൈറ്റ് സിറ്റിയിലെ അൽ റായ് ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്.
മെസ്സാൻ ഹോൾഡിംഗ് ചെയർമാൻ മുന്തസർ ജാസിം അൽ വസാൻ, അൽ ബഹാർ ജനറൽ മാനേജർ അബ്ദുൽ ലത്തീഫ് അൽ ബഹാർ, അൽ ഹജരി മാനേജിംഗ് ഡയറക്ടർ ബദർ അൽ ഹാജരി എന്നിവരും ലുലു ഗ്രൂപ്പിന്റെ മുതിർന്ന മാനേജ്മെന്റും പ്രധാന പങ്കാളികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
റീട്ടെയിൽ പ്രവർത്തനങ്ങൾ വീണ്ടും വേഗം കൈവരിക്കുകയും വിപണികളിൽ ഉപഭോക്താക്കളുടെ ഇടപെടൽ ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വേൾഡ് ഫുഡ് ഫെസ്റ്റിവൽ. സർക്കാരുകളും സ്വകാര്യ മേഖലയും തമ്മിലുള്ള ഏകോപിത ശ്രമങ്ങളുടെ ഫലമായി മേഖലയിലെ സമ്പദ്വ്യവസ്ഥ കൂടുതൽ കരുതാർജിക്കുകയാണ്.
"മേഖലയിലുടനീളം ബിസിനസ്, ഉപഭോക്തൃ ആത്മവിശ്വാസം ശക്തമായി തിരിച്ചുവരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ പ്രതിസന്ധി കാലഘട്ടം ജിസിസി രാജ്യങ്ങളുടെ കരുത്ത് ഒന്ന് കൂടി തെളിയിക്കുന്നതായി മാറി.
നേതൃത്വവും സർക്കാർ അധികാരികളും സ്വകാര്യ മേഖലയും കൈകോർത്ത് വെല്ലുവിളികളെ അതിജീവിച്ച് സ്ഥിരത ഉറപ്പാക്കി. തടസ്സമില്ലാത്ത വിതരണ ശൃംഖല നിലനിർത്താനും ഉപഭോക്താക്കൾക്ക് തുടർച്ചയായി സേവനം നൽകാനും സഹായിച്ച എല്ലാ അധികാരികൾക്കും നന്ദി എന്ന് ഉദ്ഘാടന വേളയിൽ എം.എ. യൂസഫലി പറഞ്ഞു.